SEARCH


Thottinkara Bhagavathy Theyyam - തോട്ടിന്‍കര ഭഗവതി തെയ്യം

Thottinkara Bhagavathy Theyyam - തോട്ടിന്‍കര ഭഗവതി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Thottinkara Bhagavathy Theyyam - തോട്ടിന്‍കര ഭഗവതി തെയ്യം

നാടുവാഴിത്തത്തിൻ്റെ ക്രൂരതയ്ക്ക് ഇരയായ ഒരു പാവം തീയ്യപെണ്ണാണ് ദൈവക്കരുയായി പിന്നീട് തോട്ടിങ്കര ഭഗവതി തെയ്യമായി കെട്ടിയാടുന്നത്.

താൻ നൊന്തുപെറ്റ പതിനാലു മക്കളും ചത്തുപോയ ദുഃഖം മറക്കുവാൻ രാമായണപാരായണം നടത്തിക്കൊണ്ടിരിക്കെ ചിറക്കൽ തമ്പുരാൻ്റെ കാര്യസ്ഥൻ അതുവഴി വരാൻ ഇടയായി. ഒരു തീയ്യപെണ്ണ് രാമായണം വായിക്കുക എന്നത് അക്കാലത്ത് ശിക്ഷ ഏറ്റുവാങ്ങേണ്ടുന്ന കുറ്റമാണ്. അതിനാൽ അടുത്ത ദിവസം അവളെ പിടിച്ച് തമ്പുരാൻ്റെമുന്നിൽ ഹാജരാക്കി. നീയെന്തിനാണ് രാമായണം വായിച്ചത് എന്ന തമ്പുരാൻ്റെ ചോദ്യത്തിന്, നൊന്തു പെറ്റ മക്കളെല്ലാം മരിച്ച ദുഃഖം മറക്കാനാണ് താനിത് വായിക്കുന്നത് എന്ന് ആ അമ്മ പറഞ്ഞു. തനിക്കൊന്നും രാമയണം വായിച്ചൂകൂടാ എന്ന തമ്പുരാൻ്റെ ചോദ്യത്തിന് ഇട നെഞ്ചിൽ തീയാണ് തമ്പ്രാ, ഇത് വായിക്കുമ്പോ അൽപം സുഖം കിട്ടും അതോണ്ട് വായിക്കുന്നത് എന്ന മറുപടി നൽകിയ തീയ്യപെണ്ണിനെ നിൻ്റെ നെഞ്ചിലെ തീയൊന്ന് കാണണമല്ലോ അതിനാൽ അവളെ മലർത്തിക്കിടത്തി അൽപം നെല്ല് വാരി ആ നെഞ്ചിലിടാൻ തമ്പുരാൻ കൽപ്പിച്ചു.

കയ്യാളൻമാർ അവളെ മലർത്തിക്കിടത്തി നഗ്നമായ മാറിലേക്ക് നെല്ല് വിതറി. ചൂടുള്ള ചട്ടിയിൽ നെല്ല് വീണത് പോലെ അതൊക്കെ മലരായിത്തെറിക്കുന്നത് കണ്ട തമ്പുരാന്ന് കലിയിളകി. തുടർന്ന് അടിയാത്തിയുടെ അഹങ്കാരം ശമിപ്പിക്കാൻ അവളുടെ തലയിൽ കത്തുന്ന പന്തം കുത്തിയിറക്കി കുത്തിയൊലിക്കുന്ന തോട്ടിലേക്ക് വലിച്ചെറിയാൻ കൽപനയായി. കയ്യാളൻമാർ അങ്ങനെ തന്നെ ചെയ്തു. വേദന കൊണ്ട് കൊട്ടാരത്തിൽ നിന്നും നിലവിളിച്ച് ഓടിയ അവർ കാക്കത്തോട് എന്ന സ്ഥലത്തെത്തി. കാക്കതോട്ടിലിറങ്ങിയ അവർ ആ തീ അണച്ചു. ഇതിനകം അവൾ വിവസ്ത്രയായിരുന്നു. തോട്ടിൻകരെ കണ്ട വെളിച്ചത്തെ ലക്ഷ്യമാക്കി അവൾ നടന്നു.

അതൊരു, തറവാടായിരുന്നു. അവിടത്തെ തറവാട്ടമ്മ ഇവർക്ക് ധരിക്കാൻ വസ്ത്രവും കുടിക്കാൻ ജലവും കൊടുത്തു. വസ്ത്രം ധരിച്ച് വെള്ളം കുടിച്ചതോടെ ആ സ്ത്രീ തറവാട് വരാന്തയിൽ മരിച്ചു വീഴുകയായിരുന്നു. ആരാണ് എന്താണ് എന്നറിയാത്ത സ്ത്രീയുടെ മൃതദേഹം അവർ ദഹിപ്പിക്കുകയും ചെയ്തു. പിന്നീട് ആ തറവാട്ടിൽ ശുഭ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്രേ, ഒപ്പം തന്നെ കൊട്ടാരത്തിൽ ദുർലക്ഷണങ്ങളും.അവർ ദൈവക്കരു ആയപ്പോൾ തമ്പുരാൻ്റെ പടിഞ്ഞാറ്റകത്ത് കുട്ടവും കുരിപ്പും കൊടുത്തു. തോട്ടിൽ നിന്ന് ശമനം വരുത്തി രക്ഷ നേടാൻ ശ്രമിച്ച സ്ത്രീ ദൈവക്കരു ആയി, തോട്ടിൻകര ഭഗവതി എന്ന പേരിൽ തെയ്യം കെട്ടി ആരാധിക്കാനും തുടങ്ങി.

വണ്ണാൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്..

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848